കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍

കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കല: വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വധുവിന്റെ അച്ഛനായ കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മിയുടെ മുന്‍ സുഹൃത്ത് ജിഷ്ണുവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ നാലു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് നടക്കാനിരിക്കെയാണ് വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയത്.
വടശ്ശേരിക്കോണം സ്വദേശികളായ ജിഷ്ണു, ജിജിന്‍ , ശ്യം, മനു എന്നിവരുള്‍പ്പെട്ട നാലുപേരെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടില്‍ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. ബഹളവും വാക്കേറ്റവും മര്‍ദനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ രാജുവിനെ മണ്‍വെട്ടികൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. മരിച്ച രാജു ഓട്ടോ ഡ്രൈവറാണ്. പെണ്‍കുട്ടിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമാണ് പോലിസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *