തിരുവനന്തപുരം: തെരുവനായ്ക്കളുടെ ശല്യം സുപ്രീം കോടതിവരെ എത്തിനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന് കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷും അറിയിച്ചു. തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ജൂലായ് ഏഴിനകം നിലപാട് അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട സംഘടനകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ഈ കേസ് ജൂലായ് 12 ന് സുപ്രീം കോടതി പരിഗണിക്കുകയും ചെയ്യും. അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യുന്ന കാര്യത്തിലും വാദം സുപ്രീംകോടതി കേള്‍ക്കുന്നുണ്ട്.
പ്രധാനമായും സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ജൂണ്‍ 11ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് 10 വയസുകാരന്‍ നിഹാലിനെ തെരുവുനായ കടിച്ചുകീറി കൊന്നതും 19 ന് ജാന്‍വി എന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. രണ്ടു സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു.