കോഴിക്കോട്: ഓര്‍ഗനൈസേഷന്‍സ് ഓഫ് സ്‌മോള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന കെ. ഗോപാലന്‍ അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ റിട്ടേ. സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും അസമത്വം നിലനില്‍ക്കുകയാണെന്നും നീതി ലഭ്യമാവുന്നതില്‍ പോലും സാമ്പത്തിക ഘടകങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ നിര്‍ഭയരായി അനീതിക്കെതിരേ തൂലിക ചലിപ്പിക്കണമെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, ജീവനകാരുണ്യ പ്രവര്‍ത്തകന്‍ ടി.എ സലാം, സാമൂഹ്യപ്രവര്‍ത്തക സിന്‍സി സുധീപ്, ഒ.എസ്.എന്‍.എസ്. സെക്രട്ടറി ടി.എം സത്യജിത്ത് പണിക്കര്‍, ഒ.എസ്.എന്‍.എസ് ട്രഷറര്‍ സംഗീത് ചേവായൂര്‍, എം. വിനയന്‍, ശ്രീകല വിജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി.