ഭോപ്പാല്‍: അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രണ്ട് ട്രെയിനുകള്‍ മധ്യപ്രദേശിലും കര്‍ണാടകയിലും ബീഹാറിലും ഗോവയിലും ഓരോ വന്ദേഭാരത് ട്രെയിനുകള്‍ വീതവുമാണ് ഇന്ന് സര്‍വീസ് ആരംഭിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനുകള്‍ ഫ്ളാഗ്ഓഫ് ചെയ്യുന്നത്.
ഭോപ്പാല്‍-ഇന്‍ഡോര്‍, ഭോപ്പാല്‍-ജബല്‍പുര്‍ എന്നിവയുടെ ഫ്ളാഗ് ഓഫ് മധ്യപ്രദേശില്‍ നേരിട്ടു നിര്‍വഹിക്കും. മഹാകാലേശ്വര്‍, മണ്ടു, മഹേശ്വര്, ഖജുരാഹോ, പന്ന തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. റാഞ്ചി-പട്ന, ധാര്‍വാഡ്-ബംഗളൂരു, ഗോവ-മുംബൈ ട്രെയിനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും നടത്തുക. ഇതോടെ രാജ്യത്തെ ആകെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23 ആയി. ഭോപ്പാല്‍-ജബല്‍പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് സംസ്ഥാനത്തെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകും. ഈ റൂട്ടില്‍ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനെക്കാള്‍ മുപ്പത് മിനിട്ട് കുറവ് സമയത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വന്ദേഭാരതിന് കഴിയും.
ബീഹാറിന് ലഭിക്കുന്ന ആദ്യ വന്ദേഭാരതാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കര്‍ണാടകയ്ക്ക് ഇത് രണ്ടാമത്തെ വന്ദേഭാരതാണ് ലഭിക്കുന്നത്. നിലവില്‍ ചെന്നൈ-മൈസൂര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കര്‍ണാടകയില്‍ സര്‍വീസ് നടത്തുന്നുണ്ട്.