കോഴിക്കോട്: കൂട്ടായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമുള്ള മികച്ച പിന്തുണ കൊണ്ടും ദേശീയ ഇന്നൊവേഷന്‍
റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക് (എന്‍. ഐ.ആര്‍. എഫ്.) നടത്തിയ ദേശീയ തെരഞ്ഞെടുപ്പിലാണ് എന്‍.ഐ.ടി. കോഴിക്കോട് എട്ടാം സ്ഥാനം എന്ന അഭിമാനകരമായ നേട്ടം
കൈവരിച്ചത്. രാജ്യത്തെ 31 എന്‍.ഐ.ടികളില്‍ ഇന്നൊവേഷന്‍ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക എന്‍.ഐ.ടിയാണ് എന്‍.ഐ.ടി.
കാലിക്കറ്റ്.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് എന്‍.ഐ.ടി.സിയുടെ മികച്ച റാങ്ക്. കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്‍.ഐ.ടി.സി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നൂതന കണ്ടുപിടുത്തങ്ങള്‍ക്കുള്ള25 പേറ്റന്റുകളും അഞ്ച് ട്രേഡ്മാര്‍ക്കുകളും പകര്‍പ്പവകാശ സര്‍ട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ടെന്ന് എന്‍.ഐ.ടി.സി ഡയറക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ പറഞ്ഞു. കാലയളവില്‍ പൂര്‍ത്തിയാക്കിയ 14 സ്റ്റുഡന്റ് ഇന്നൊവേഷന്‍ പ്രോജക്ടുകള്‍ക്കുള്ള പേറ്റന്റ് അപേക്ഷകളും സ്ഥാപനം സമര്‍പ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ഇന്നൊവേഷന്‍ റാങ്കിങ്ങില്‍ മികച്ച സ്ഥാനം നേടാന്‍ സഹായകമായി അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഇന്നൊവേഷന്‍ പ്രോജക്ടുകള്‍, അധ്യാപകരുടെ കണ്ടുപിടുത്തങ്ങള്‍, ഗവേഷണ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, കാമ്പസിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ (ടി.ബി.ഐ) സൗകര്യം എന്നിവ പരിഗണിച്ചാണ് എന്‍.ഐ.ടി.സി.ക്ക് എട്ടാം റാങ്ക് നല്‍കിയത്.