ആദ്യ നാളുകളിലെ കുതിപ്പിനൊടുവിൽ തിരിച്ചടി നേരിടുകയാണ് ആദിപുരുഷ് എന്ന പ്രഭാസ് ചിത്രം. രാമായണ കഥയെന്ന രീതിയിൽ അവതരിപ്പിച്ച ചിത്രം സിനിമാസ്വാദകരേയും വിശ്വാസികളേയും ഒരുപോലെ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്.
റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽനിന്ന് ‘ആദിപുരുഷി’ന് നേടാനായത് വെറും 1.75 കോടിയാണെന്ന് ട്രെയ്ഡ് അനലിസ്റ്റുകൾ പറയുന്നു. ഇന്ത്യയിൽനിന്ന് ആകെ 277.50 കോടി രൂപയാണ് വരുമാനം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നടക്കം ലോകവ്യാപകമായി 450 കോടിയാണ് നേടിയിരിക്കുന്നത്. 500 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
‘ആദിപുരുഷ്’ ആദ്യത്തെ രണ്ട് ദിനങ്ങളിൽ തന്നെ 200 കോടി ക്ലബ്ബിൽ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ആദ്യ ദിനം 140 കോടിയും രണ്ടാം ദിനം 100 കോടിയും നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളിലും വരുമാനത്തിൽ ഇടിവുണ്ടായി.
ചിത്രത്തിലെ സംഭാഷണങ്ങൾ, ഗ്രാഫിക്സ് എന്നിവയെല്ലാം വിമർശനങ്ങൾ ഏറ്റുവാങ്ങി. പല വിദേശ സിനിമകളേയും സീരീസുകളേയും പകർത്തിയെടുത്തുള്ള രംഗങ്ങളും ഗ്രാഫിക്സുകളുമാണ് ചിത്രത്തിലെന്ന വിമർശനം ശക്തമാവുകയും ചെയ്തു.
രാമനായി പ്രഭാസും രാവണന്റെ കഥാപാത്രമായി സെയ്ഫ് അലിഖാനുമെത്തുന്നു. കൃതി സനോൺ, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.