ന്യൂഡൽഹി: കരിപ്പൂരിൽ കൂടുതൽ സ്ഥലം അനുവദിച്ചില്ലെങ്കിൽ റൺവേയുടെ നീളം കുറയ്ക്കുമെന്ന വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്നറിയിപ്പ്. ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തി. ഉടൻ ഭൂമി കൈമാറണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
റൺവേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലയ്ക്കു വേണ്ടിയുള്ള ഭൂമി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ട് ഇതുവരെ കേരള സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് നൽകിയിട്ടില്ലെന്ന് വ്യോമയാന മന്ത്രി കത്തിൽ പറയുന്നു.
എയർപോർട്ട് അതോറിറ്റിക്കു വേണ്ടി ഇരുവശങ്ങളിലുമുള്ള ഭൂമി സൗജന്യമായി ഏറ്റെടുത്ത് നിരപ്പാക്കി നൽകാമെന്നാണു നേരത്തെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
2020 ൽ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിന് പിന്നാലെ രൂപീകരിച്ച വിദഗ്ദ സമിതിയാണ് താവളത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാ മേഖല വേണമെന്ന നിർദേശം നൽകിയത്. തുടർന്ന് 2022 മുതൽ പല തവണ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ കത്തയച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി കത്തിൽ പറയുന്നു.