വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനാണ് നടപടി. എന്നാല്‍ ബില്ല് അടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എം.വി.ഡി പറയുന്നു.
കഴിഞ്ഞാഴ്ച കെ.എസ്.ഇ.ബിയുടെ ജീപ്പില്‍ തോട്ടി കെട്ടിവെച്ച് പോയതിന് എ.ഐ ക്യാമറ പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്. ജില്ലയിലെ എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.