എന്‍ജിനീയറിങ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാര്‍ഗദര്‍ശക ക്ലാസ്സില്‍ പങ്കെടുത്തു
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദേശ ക്ലാസ് നടത്തി. കഴിഞ്ഞ ദിവസം നടത്തിയ ദിശ-2023 (ഡയറക്ഷന്‍ ആന്‍ഡ് ഇന്‍സ്പിറേഷന്‍ ടൂ സ്റ്റുഡന്റസ് ഫോര്‍ ഹോളിസ്റ്റിക് അഡ്വാന്‍സ്മെന്റ്) എന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
എന്‍ജിനിയറിങ്ങിലെ വിവിധ മേഖലകളെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ സെഷന്‍ സഹായകമായി. എന്‍ജിനീയറിങ് വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്‍പ് ശരിയായ മേഖല തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിശ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ ചാറ്റ് ബോക്‌സിലൂടെ ചോദിക്കാനുള്ള അവസരവും പരിപാടിയില്‍ ഉണ്ടായിരുന്നു. എന്‍.ഐ.ടി.സി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ സെഷന്‍ ഉദ്ഘാടനം ചെയ്തു.
അക്കാഡമിക് ഡീനും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പ്രൊഫസ്സറുമായ ഡോ. എസ്.എം സമീര്‍, കെ.ചിത്ര, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ. ചിത്ര, സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. എം. ഹരികൃഷ്ണന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിനോദ് പാതിരി, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ ഡോ. എസ്. അശോക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ ഡോ. ആര്‍ മനു, സ്‌കൂള്‍ ഓഫ് ബയോടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബൈജു ജി നായര്‍, കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഫാത്തിമ ഫാസ്മിന്‍, ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനീഷ് ചന്ദ്രന്‍, സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രൊഫസര്‍ ഡോ. വി. സജിത്ത് എന്നിവര്‍ ഓരോ മേഖലയിലെയും സാധ്യതകള്‍ വിശദമാക്കി.
എന്‍.ഐ.ടി.സിയുടെ സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ എക്‌സ്‌ചേഞ്ച് (സി-പ്രൈം) സ്ഥാപനത്തിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും 220ല്‍ അധികം പേരാണ് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തത്.