ചാലക്കര പുരുഷു
തലശ്ശേരി: തെരുവാരാധാരമാക്കപ്പെട്ട രണ്ട് വയോധികന്‍മാര്‍ക്ക് പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനായ ബാബു പാറാല്‍ രക്ഷകനായി. റെയില്‍വേ സ്റ്റേഷനിലും ടെംപിള്‍ ഗേറ്റിലും അലഞ്ഞ് നടന്ന രണ്ട് വയോധികര്‍ക്കാണ് പാറാല്‍ ബാബുവിന്റെ ഇടപെടലിലൂടെ പുതുജീവിതം ലഭിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മണികണ്ഠനെയും കോഴിക്കോട് സ്വദേശി ഷണ്‍മുഖനെയുമാണ് ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുവന്നത്. ഇരുവരെയും ജീവകാരുണ്യ പ്രവര്‍ത്തകനായ പാറാല്‍ ബാബു അശരണരുടെ ആലംബകേന്ദ്രമായ പേരാവൂര്‍ കൃപാലയത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മണികണ്ഠന്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇദ്ദേഹത്തിന് വലത് കാലില്ല. യാത്രക്കാരാണ് ആര്‍.പി.എഫിനെ വിവരമറിയിച്ചത്. ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കി. തുടര്‍ന്ന് പാറാല്‍ ബാബുവിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വി.കെ ഷാജി പറഞ്ഞു.
15 വര്‍ഷമായി ടെംപിള്‍ ഗേറ്റ് ഭാഗത്ത് അലഞ്ഞുനടക്കുന്ന ഷണ്‍മുഖന്‍ അവിടെയുള്ള ബസ് സ്റ്റോപ്പില്‍ തന്നെയാണ് അന്തിയുറങ്ങുന്നതും. ദിവസവും പാറാല്‍ ബാബു ഭക്ഷണം നല്‍കും. കേള്‍വിക്കുറവുള്ള ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണെന്ന് പറയുന്നുണ്ട്. രണ്ട് പേര്‍ക്കും ആവശ്യമായ സൗകര്യം കൃപാലയത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് പാറാല്‍ ബാബു പറഞ്ഞു. വൈകിട്ടോടെയാണ് ഇരുവരെയും പേരാവൂരിലേക്ക് കൊണ്ടുപോയത്. ദശകങ്ങളായി നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അനാഥര്‍ക്ക് മുടങ്ങാതെ ഭക്ഷണമെത്തിക്കുന്നത് ബാബുവാണ്. അനാഥരോഗികള്‍ക്ക് ആശുപത്രികളില്‍ കൂട്ടിരിക്കുന്നതും പതിവാണ്.