വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജിന് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. തന്നോട് സ്നേഹം പ്രകടിപ്പിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാലിലെ ലിഗമെന്റിൽ താക്കോൽദ്വാര ശസ്ത്രക്രിയക്കാണ് പൃഥ്വിരാജ് വിധേയനായത്.
‘ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം എന്റെ പ്രവർത്തനങ്ങളിലേക്ക് തിരികെ വരാനും വേദനയിൽനിന്ന് പോരാടുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഈ അവസരത്തിൽ എന്നിലേക്ക് എത്താൻ ശ്രമിക്കുകയും ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി”- പൃഥ്വിരാജ് കുറിച്ചു.
മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘വിലായത്ത് ബുദ്ധ’ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. രണ്ടു മാസം വിശ്രമത്തിലേക്ക് പോകുന്നതോടെ ‘വിലായത്ത് ബുദ്ധ’യ്ക്ക് പുറമേ എമ്പുരാൻ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇനിയും നീളും. ജൂലൈ രണ്ടിന് ‘എമ്പുരാ’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി.ആർ ഇന്ദുഗോപന്റെ നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.