408 റൺസ് അടിച്ചുകൂട്ടി സിംബാബ് വേ; യുഎസ്എയെ തരിപ്പണമാക്കി

408 റൺസ് അടിച്ചുകൂട്ടി സിംബാബ് വേ; യുഎസ്എയെ തരിപ്പണമാക്കി

ഹരാരെ: ക്രിക്കറ്റ് ഏകദിന മത്സരത്തിൽ 400 റൺസ് എന്ന വമ്പൻ സ്കോർ സ്വന്തമാക്കി സിംബാബ് വേ ക്രിക്കറ്റ് ടീം. ആദ്യമായാണ് സിംബാബ് വേ ഏകദിന മത്സരത്തിൽ ഇത്രയും വലിയ സ്കോർ നേടുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ഈ നേട്ടം. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസുകളാണ് സിംബാബ് വേ നേടിയത്. യുഎസ്എയെ 104 റൺസിന് പുറത്താക്കുകയും ചെയ്തു. ഇതോടെ 304 റൺസിന്റെ വൻവിജയവും ടീം നേടി.

അതേസമയം ഏകദിന ക്രിക്കറ്റിൽ 400 റൺസോ അതിന് മുകളിലോ നേടുന്ന ഏഴാമത്തെ ടീമാണ് സിംബാബ് വേ. 2022 ൽ നെതർലണ്ട്സിനെതിരെ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസെടുത്ത ഇം​ഗ്ലണ്ടാണ് ഈ പട്ടികയിലെ ടോപ്പ് സ്കോറർ. 2011 ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 418 റൺസാണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. ഇം​ഗ്ലണ്ട്, ഇന്ത്യ, ശ്രീലങ്ക,ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂ സീലാൻഡ് എന്നിവരാണ് 400 റൺസ് കടന്ന മറ്റ് രാജ്യങ്ങൾ. 2009-ൽ കെനിയക്കെതിരേ ഏഴിന് 351 റൺസെടുത്തതായിരുന്നു അവരുടെ ഇതിനു മുമ്പത്തെ ഉയർന്ന സ്‌കോർ.

ക്യാപ്റ്റൻ സീൻ വില്യംസിന്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് സിംബാബ്‌വെ കൂറ്റൻ സ്‌കോറിലെത്തിയത്. 101 പന്തുകൾ നേരിട്ട വില്യംസ് 21 ഫോറും അഞ്ച് സിക്‌സുമടക്കം 174 റൺസെടുത്തു. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ അഭിഷേക് പരാദ്കറാണ് പുറത്താക്കിയത്.

103 പന്തിൽ നിന്ന് 78 റൺസെടുത്ത ഓപ്പണർ ജോയ്‌ലോർഡ് ഗംബി, 27 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 48 റൺസടിച്ച സിക്കന്ദർ റാസ, 16 പന്തിൽ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 47 റൺസടിച്ച റയാൻ ബേൾ എന്നിവരുടേതായിരുന്നു മികച്ച പ്രകടനങ്ങൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് സിംബാബ്വെ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഏഴാമനായി ഇറങ്ങി 31 പന്തിൽ നിന്ന് 24 റൺസെടുത്ത അഭിഷേക് പരാദ്കറാണ് യുഎസിന്റെ ടോപ് സ്‌കോറർ. അഭിഷേകിനെ കൂടാതെ ജസ്ദീപ് സിങ് (21), ഗജാനന്ദ് സിങ് (13) എന്നിവർ മാത്രമാണ് യുഎസ് ഇന്നിങ്‌സിൽ രണ്ടക്കം കണ്ടത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *