ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; കനത്ത മഴയും മണ്ണിടിച്ചിലും, 200ല്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; കനത്ത മഴയും മണ്ണിടിച്ചിലും, 200ല്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും. കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് മാണ്ഡി-കുള്ളു ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ 200 ലധികം പ്രദേശവാസികളും വിനോദ സഞ്ചാരികളും കുടുങ്ങികിടക്കുകയാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് പ്രധാന ഹൈവേകളും അടച്ചു.

മണ്ഡി ജില്ലയിലെ ബാഗിപുര്‍ പ്രദേശത്ത് പ്രഷാര്‍ തടാകത്തിന് സമീപം വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെട്ട 200 ലധികമാളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു മാണ്ഡി ജില്ലാ പോലിസ് ഡി.എസ്.പി സജ്ഞീവ് സൂദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളും വിനോദ സഞ്ചാരികളും മലനിരകളോട് ചേര്‍ന്നുള്ള റോഡുകളില്‍ നില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചില്‍ സാധ്യതയും മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം.

തുടര്‍ച്ചയായി പെയ്ത മഴയില്‍ ബിയാസ് നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മേഘവിസ്ഫോടനത്തിനു ശേഷം ഷിംല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്ക സാധ്യതയും അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചു.

കഴിഞ്ഞ ഒരാഴ്ച്ക്കാലമായി ഉത്തരേന്ത്യയില്‍ തുടരുന്ന മഴയില്‍ വലഞ്ഞിരിക്കുകയാണ് ജനം. ഇത്തവണ ഡല്‍ഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവര്‍ഷമെത്തിയത്. ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഗുരുഗ്രാം നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *