മാഡ്രിഡ്: ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ തുടരും. ടീമുമായുള്ള കരാർ മോഡ്രിച്ച് പുതുക്കി. റയലുമായി ഒരു വർഷത്തേക്ക് കൂടിയാണ് 37-കാരനായ ഈ മധ്യനിര താരം കരാർ പുതുക്കിയിരിക്കുന്നത്. ക്ലബ്ബ് തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 2024 ജൂൺ വരെയാണ് കരാർ.
അതേസമയം, സൗദി പ്രോ ലീഗിൽ നിന്ന് മോഡ്രിച്ചിന് വലിയ ഓഫർ ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത് അവഗണിച്ചാണ് റയലിനൊപ്പം തുടരാൻ തീരുമാനിച്ചതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
2012-ലാണ് മോഡ്രിച്ച് റയലിലെത്തുന്നത്. 488 മത്സരങ്ങൾ റയലിനായി കളിച്ച താരം അഞ്ച് ചാമ്പ്യൻസ് ലീഗും മൂന്ന് ലാ ലിഗ കിരീടവുമടക്കം 23 കീരിട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 2018-ൽ ബാലൺദ്യോറും ഫിഫ ബെസ്റ്റ് പുരസ്‌കാരവും ഈ ക്രൊയേഷ്യൻ താരത്തിനായിരുന്നു. വരുന്ന സീസൺ റയലിനൊപ്പമുള്ള മോഡ്രിച്ചിന്റെ 12-ാം സീസണാകും.