മാഹി: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സമയം കളയാതെ, സ്വപ്നങ്ങള്‍ നെയ്യാനും അഭിരുചികള്‍ക്കനുസ്തൃതമായി ലക്ഷ്യബോധത്തോടെ പ്രാവര്‍ത്തികമാക്കാനും പ്രതിജ്ഞാബദ്ധതയോടെ തയ്യാറാവണമെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ അഭിപ്രായപ്പെട്ടു. ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിജയ തിലകം ശ്രേഷ്ഠാദരം പരിപാടി മാഹി ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത ചിത്രകാരി സതീ ശങ്കര്‍ വരച്ച മയ്യഴിച്ചിത്രം ചാലക്കര പുരുഷു രാജസ്ഥാന്‍ സ്വദേശിയായ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സമ്മാനിച്ചു.
ഡോ:കെ.വി.ശശിധരന്‍, വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമ രാജ് മാഹി എന്നിവര്‍ സംസാരിച്ചു. മയ്യഴി വിദ്യാഭ്യാസ മേഖലയില്‍ എസ്.എസ്.എന്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് വിജയം നേടിയ 215 വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്. 1200 / 1198 മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയ മാഹി ജെ.എന്‍.ജി. ഹയര്‍സെക്കന്‍ഡറിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകളും നല്‍കി. മയ്യഴിയിലെ മികച്ച വിദ്യാലയത്തിനുളള പ്രത്യേക പുരസ്‌ക്കാരം മാഹി ജെ.എന്‍.എച്ച്.എസ്.എസിന് വേണ്ടി എത്സമ്മ ടീച്ചര്‍ ഏറ്റുവാങ്ങി.
ഒപ്പം വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം നേടിയ ഉത്തമ രാജ് മാഹി, ചാലക്കര പുരുഷു (സാഹിത്യം), ആര്‍ട്ടിസ്റ്റ് പ്രേമന്‍ (ചിത്രകല ), കെ. ദിവ്യ രൂപര നാട്യ കലാക്ഷേത്രം), നൃത്താദ്ധ്യാപിക രേണുക എന്നിവരെയും ഉപഹാരം നല്‍കി ആദരിച്ചു. ടി.എം.സുധാകരന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ.കെ. റഫീഖ് സ്വാഗതവും, ദാസന്‍ കാണി നന്ദിയും പറഞ്ഞു.