നിഖിലിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു; കിട്ടിയത് വീട്ടില്‍ നടത്തിയ റെയ്ഡില്‍

നിഖിലിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു; കിട്ടിയത് വീട്ടില്‍ നടത്തിയ റെയ്ഡില്‍

ആലപ്പുഴ: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി പോലിസ്. നിഖിലിന്റെ കായംകുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുമാണ് കണ്ടെത്തിയിട്ടുള്ളത്. പണമിടപാട് രേഖകളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കൊച്ചിയിലെ സ്ഥാപനത്തില്‍ പോലിസ് പരിശോധന നടത്തും.
കായംകുളം എം.എസ്.എം കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന നിഖില്‍ തോമസ് പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളേജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് വഴിവച്ചത്. വിവാദമായതോടെ എം.എസ്.എം കോളേജ് നല്‍കിയ പരാതിയിലാണ് കായംകുളം പോലിസ് നിഖില്‍ തോമസിനെതിരേ കേസെടുത്തത്.
സി.പി.എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിഖില്‍ കൊടുത്തത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖില്‍ പറഞ്ഞത്. അതേ സമയം, വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മുന്‍ എസ്എഫ്ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അബിനെയും പോലിസ് പ്രതിയാക്കിയിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവിലായിരുന്ന നിഖില്‍ തോമസ് ശനിയാഴ്ചയാണ് അറസ്റ്റിലായത്. തന്റെ സുഹൃത്താണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് നിഖില്‍ നല്‍കിയ മൊഴി. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് സുഹൃത്ത് ഉറപ്പ് പറഞ്ഞെന്നും, അതുകൊണ്ടാണ് എം കോമിന് അപേക്ഷിക്കാന്‍ അത് ഉപയോഗിച്ചതെന്നും നിഖില്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിദ്വീപിലുള്ള നിഖിലിന്റെ സുഹൃത്തും മുന്‍ എസ്.എഫ്.ഐ നേതാവുമായ അബിന്‍ സി. രാജിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയം സ്റ്റാന്‍ഡില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് പോലിസ് പിടിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *