ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. പോരാട്ടം നിയമത്തിന്റെ വഴിയിലൂടെ തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കി. സമരം അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒപ്പം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരും ട്വീറ്റ് ചെയ്തു.
ബ്രിജ് ഭൂഷണിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചതായും അതിനാല്‍ സമരം ഇനി റോഡില്‍ ആയിരിക്കില്ലെന്നും കോടതിയിലായിരിക്കുമെന്നുമാണ് താരങ്ങള്‍ പറഞ്ഞത്.
‘ജൂണ്‍ ഏഴിന് നടന്ന ചര്‍ച്ചകള്‍ പ്രകാരം സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി. ആറ് വനിതാ ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയും ജൂണ്‍ 15ന് ഡല്‍ഹി പോലിസ്, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇനി നീതി ലഭിക്കുന്നത് വരെ പോരാട്ടം കോടതിയില്‍ തുടരും, റോഡിലാകില്ല. ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതനുസരിച്ച് ജൂലൈ 11ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. വാഗ്ദാനം നടപ്പിലാക്കുന്നതിനായി ഞങ്ങള്‍ കാത്തിരിക്കും’ ട്വീറ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് തല്‍ക്കാലം ഇടവേള എടുക്കുന്നതായി സാക്ഷി മാലിക്കും, വിനേഷ് ഫോഗട്ടും വ്യക്തമാക്കി.
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് ജൂണ്‍ 15 വരെ ഗുസ്തി താരങ്ങള്‍ സമയം നല്‍കിയിരുന്നു. അതുവരെ സമരം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും കുടുംബത്തെയും ഒഴിവാക്കി ഗുസ്തി ഫെഡറേഷനിലേക്ക് സ്വതന്ത്രതെരഞ്ഞെടുപ്പ് നടത്താമെന്നും കേന്ദ്രം ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.