കൊച്ചി: ബാംഗ്ലൂരിൽ നിന്ന് തിങ്കളാഴ്ച കേരളത്തിലെത്തിയ പിടിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് ദേഹാസ്വാസ്ഥ്യം. വൈകിട്ട് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനി അൻവാർശേരിയിലേക്കു പോവും വഴിയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനായി സുപ്രീം കോടതി അനുമതിയോടെയാണ് മദനി തിങ്കളാഴ്ച കേരളത്തിലെത്തിയത്. ബാംഗ്ലൂർ സ്ഫോടനക്കേസിൽ ജാമ്യ വ്യവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം. കോടതി നിർദേശം അനുസരിച്ച് കർണാടക പോലീസിന്റെ സംരക്ഷണത്തിലാണ് കേരളത്തിലെത്തിയിരിക്കുന്നത്. യാത്രയുടേയും പോലീസിന്റെയും സകല ചിലവുകളും മദനി തന്നെ വഹിക്കണമെന്നാണ് ഉത്തരവ്.