മോസ്കോ: പുതിൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യം തങ്ങൾക്കില്ലായിരുന്നുവെന്ന് റഷ്യൻ സ്വകാര്യ സൈനികരായ വാഗ്നർഗ്രൂപ്പിന്റെ മേധാവി യെവ്‌ഗെനി പ്രിഗോസിൻ. പ്രതിഷേധം അറിയിക്കുക മാത്രമായിരുന്നു മോസ്കോയിലേക്കുള്ള തങ്ങളുടെ മാർച്ചിന്റെ ലക്ഷ്യമെന്നും പ്രിഗോസിൻ പറയുന്നു.
സായുധരായി മോസ്കോയെ ലക്ഷ്യമിട്ട് നീങ്ങിയ വാഗ്നർ ഗ്രൂപ്പ് പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. ഒരു ദിവസം കഴിഞ്ഞപ്പോഴാണ് 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രിഗോസിൻ വാഗ്നർ സേനയുടെ ലക്ഷ്യം സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയത്.
വാഗ്നർ സേനയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലുള്ള പ്രതിഷേധം ഒരുവശത്തുണ്ടായിരുന്നു. ഇതിന് കാരണക്കാരായ റഷ്യൻ സൈനിക ഉദ്യോഗസ്ഥരുടെ പിഴവുകൾ ചൂണ്ടിക്കാട്ടുകയും ലക്ഷ്യമായിരുന്നുവെന്ന് പ്രിഗോസിൻ പറയുന്നു.
റഷ്യൻ സൈന്യത്തെ നിശിതമായ വിമർശിച്ച പ്രിഗോസിൻ, രാജ്യത്തുടനീളം സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും തന്റെ സേനയ്ക്ക് റഷ്യൻ സേനയെ എളുപ്പം മറികടക്കാനായെന്നും കീഴ്പ്പെടുത്തിയ സ്ഥലങ്ങളിൽ ജനങ്ങളുടെ പിന്തുണ നേടാനായിരുന്നുവെന്നും പ്രിഗോസിൻ പറയുന്നു.
യുക്രൈൻ ഓപ്പറേഷൻ വാഗ്നറുകളാണ് നടത്തിയിരുന്നതെങ്കിൽ വളരെ നേരത്തെ തന്നെ അത് അവസാനിക്കുമായിരുന്നുവെന്ന് പ്രിഗോസിൻ പറഞ്ഞു.
ജൂലായിൽ വാഗ്നർ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യൻ പ്രതിരോധ സേനയിൽ ലയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു, എന്നാൽ പ്രതിരോധ മന്ത്രാലയവുമായി കരാറിലേർപ്പെടുന്നതിനെ തങ്ങളുടെ കമാൻഡർമാർ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിൽ റഷ്യൻ സൈന്യം ആക്രമണം നടത്തുകയും 30 ഓളം വാഗ്നറുകൾ കൊല്ലപ്പെട്ടുവെന്നും പ്രിഗോസിൻ പറയുന്നു.
അതേസമയം വാഗ്നറുകൾ നടത്തിയ സായുധ കലാപത്തിനിടെ പുടിൻ മോസ്കോ വിട്ടിരുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹം പിന്നീട് പൊതുമധ്യത്തിൽ വന്നിട്ടില്ല. അതേസമയം വാഗ്നർ ഗ്രൂപ്പിനെതിരെ കൂടുതൽ പ്രതിരോധ നടപടികൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.