മാഹി : കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ മാഹിക്കും ലഭിച്ചു തുടങ്ങിയത് പുതുച്ചേരിയില്‍ എന്‍.ഡി.എ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണെന്ന് ബി.ജെ.പി നേതാവ് കെ.വെങ്കിടേഷ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന നേട്ടത്തിന് പുതുച്ചേരിക്ക് സംസ്ഥാന പദവി ആവശ്യമാണെന്നും ഈ കാര്യത്തില്‍ എല്ലാ രാഷ്ടീയ നേതൃത്വങ്ങളും ഒന്നിച്ച് ആവശ്യം ഉന്നയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ എം.എല്‍.എമാര്‍ ഒന്നടങ്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് അംഗീകരിക്കണം എന്നാണ് ബി.ജെ.പി നിലപാട്. മാഹിയും യാനവും ഉള്‍പ്പെടുന്നതാവും സംസ്ഥാന പദവി എന്നും അദ്ദേഹം വ്യക്തമാക്കി. മാഹിയില്‍ റേഷന്‍ സംവിധാനം പുന:സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. വാര്‍ത്ത സമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രത്‌നവേല്‍, വൈസ് പ്രസിഡണ്ട് രവിചന്ദ്രന്‍, സംസ്ഥാന സമിതി അംഗം ഗോകുല്‍.ബി, മാഹി മണ്ഡലം ജന. സെക്രട്ടറി പ്രബീഷ് മാഹി എന്നിവരും സംബന്ധിച്ചു.