കോഴിക്കോട്: എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യഭക്ഷണം നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്നും സൗജന്യഭക്ഷണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യ മാനേജ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേരളപ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത്. യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ സേവനത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല എന്ന് മാത്രമല്ല നിലവിലുള്ളവ ഒന്നൊന്നായി നിര്‍ത്തലാക്കി കൊണ്ടിരിക്കയാണ്.
നിലവില്‍ അവധിക്കാലത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ മാറി. മറ്റു വിമാനക്കമ്പനികളെക്കാള്‍ അമ്പതു ശതമാനമോ, അതില്‍ കൂടുതലോ ആണ് എയര്‍ഇന്ത്യയുടെ ടിക്കറ്റ് നിരക്ക്. സൗജന്യഭക്ഷണം പുനഃസ്ഥാപിക്കുന്നതിനും, ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസിസംഘം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. സൗദി വിസ സ്റ്റാമ്പിങ്ങിന് കോഴിക്കോട് കേന്ദ്രം അനുവദിച്ച നടപടി മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായതായി യോഗം വിലയിരുത്തി. ഈ ആവശ്യം പ്രവാസിസംഘം നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സൗദി വിസ, വിസിറ്റ് വിസ സ്റ്റാമ്പിങ്ങിന് മാസങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സാഹചര്യമൊരുക്കും. പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈ. പ്രസിഡന്റ് ഷാഫിജ പുലാക്കല്‍, ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍, ജോ: സെക്രട്ടറിമാരായ ഷിജിത് ടി. പി, ഷംസീര്‍ കെ.എം, വൈ. പ്രസിഡണ്ട് കെ.കെ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.