ചാലക്കര പുരുഷു
മാഹി: ഈസ്റ്റ് പള്ളൂര്‍ നൈതികത്തില്‍ ഇ. സുനില്‍ കുമാറിന്റെ കണ്ണുകളില്‍ നിറയെ മുളങ്കാടുകളുടെ ഹരിത ശോഭയാണ്. കാതുകളില്‍ നിറയുന്നത് മുളന്തണ്ടുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന നേര്‍ത്ത സംഗീതവും. ഹൃദയഹാരിയായ മുളങ്കാഴ്ചകളുടെ ഹരിതാഭയില്‍ ആത്മനിര്‍വൃതി കൊള്ളുകയാണ് ഈ മനുഷ്യന്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധസ്ഥലങ്ങളിലും മയ്യഴിയിലുമായി മുപ്പതിലേറെ പൊതുയിടങ്ങളില്‍ സൗജന്യമായി മുളങ്കാടുകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് ഈ പ്രകൃതി സ്‌നേഹി.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട് പരിസരമാകെ 25 ലധികം ഇനത്തില്‍പ്പെടുന്ന മുളങ്കാടുകള്‍ തീര്‍ത്താണ് ചുറ്റിലുമുള്ള സമൂഹത്തിലേക്കും മുളകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു ഇടങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, മെഡിക്കല്‍ കോളജുകള്‍, തുടങ്ങി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അങ്കണം വരെ പടരുകയാണ് മുളങ്കൂട്ടങ്ങള്‍. വയനാട്ടിലെ ഉറവില്‍ നിന്നാണ് മുള തൈകള്‍ കൊണ്ടുവരുന്നത്. ബുദ്ധ ഓട, ബിലാത്തി, സ്‌നിട്രസ്സ്, ഗാര്‍ഡന്‍, വല്ലിമുള തുടങ്ങിയവയാണ് ഏറെയും വെച്ചു പിടിപ്പിച്ചിട്ടുള്ളത്. ചെറിയ സ്ഥലങ്ങളില്‍ പോലും വളരെ മനോഹരമായി മുളങ്കാടുകള്‍ ഉണ്ടാക്കാനാവുമെന്ന് സുനില്‍കുമാര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
നന്നെ ചെറുപ്പത്തില്‍ തന്നെ പൂക്കളെയും പൂമ്പാറ്റകളേയും, മരങ്ങളേയും പ്രണയിച്ച സുനില്‍കുമാര്‍, പിന്നീട് നടത്തിയ വനയാത്രകള്‍ അനവധിയാണ്. ഹിമാലയന്‍ യാത്രകളിലെ നിബിഡ വനങ്ങളിലേക്കുള്ള യാത്രകള്‍, ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് ഈ മനുഷ്യന് സമ്മാനിച്ചത്. പ്രളയകാലത്ത് നേപ്പാളിലെ താഴ് വാരങ്ങളെ മുളകള്‍ സംരക്ഷിച്ചു നിര്‍ത്തിയ കാഴ്ച്ച , നേരിട്ടനുഭവിച്ചതാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പുല്ല് വര്‍ഗ്ഗത്തില്‍പ്പെടുന്ന സസ്യമാണ് മുളയെന്നും, കാര്‍ബണ്‍ ഡൈ ഓക്‌സയിഡിനെ ഗണ്യമായി വലിച്ചെടുക്കാനും, ശക്തമായ ഓക്‌സീകരണ ശേഷിയുള്ളവയാണ് മുളകളെന്നും സുനില്‍കുമാര്‍ പറയുന്നു.