കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന സംരംഭമായ വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടി(വി.ഇ.പി)ന്റെ ഈ വര്‍ഷത്തെ മഴക്യാമ്പ് വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ ജി. എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി നടത്തുന്ന രണ്ടുദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലാണ് നടക്കുന്നത്.
കാഴ്ച ദീര്‍ഘമാകണമെന്നും മുന്‍വിധി ജീവിതത്തില്‍ പരാജയം ഉണ്ടാക്കുമെന്നും ജി.എസ് പ്രദീപ് പറഞ്ഞു. ഞാന്‍ ഇല്ലാതാവുമ്പോള്‍ ആണ് ജ്ഞാനം ഉണ്ടാവുന്നതെന്ന തത്വം അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. അറിവിന്റെ, ചിന്തയുടെ, വിജ്ഞാനത്തിന്റെ, മാനവികതയുടെ, സാഹോദര്യബോധത്തിന്റെ, പാരിസ്ഥിതികചിന്തയുടെ, ഇവയെല്ലാം അടങ്ങുന്ന നന്മയുടെ വലിയ മഴ ഉണ്ടാക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പയ്യന്നൂര്‍ ആസ്ഥാനമായ പരിസ്ഥിതിസംഘടനയായ സൊസൈറ്റി ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യൂക്കേഷന്‍ ഇന്‍ കേരള(എസ്.ഇ.ഇ.കെ(സീക്)യുമായി സഹകരിച്ചാണു ക്യാമ്പ് നടത്തുന്നത്. വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടിന്റെ ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് പ്രത്യേക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 250 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതിപഠനം, മഴനടത്തം, ജൈവവൈവിധ്യക്ലാസ് എന്നുതുടങ്ങി വിവിധ പഠനപരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ നടക്കുന്നത്.
വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരന്‍, സീക്കിന്റെ ഡയരക്ടര്‍ ടി. പി പദ്മനാഭന്‍, സീക് പ്രതിനിധി കെ.വി ആനന്ദ്, യു.എല്‍ സ്‌പേസ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ യു.കെ ഷജില്‍, യു.എല്‍ റിസേര്‍ച്ച് ഡയരക്ടര്‍ ഡോ. സന്ദേശ്, വി.ഇ.പി കോ-ഓര്‍ഡിനേറ്റര്‍ ടി. കെ. സോമന്‍, വി.ഇ.പി പ്രതിനിധി ഇ. ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് നാളെ (ഞായര്‍) സമാപിക്കും.