മോസ്കോ: റഷ്യയിൽ അപ്രതീക്ഷിത രാഷ്ട്രീയ സംഭവ വികാസങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അടുത്ത അനുയായിയായിരുന്ന വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്നി പ്രിഗോഷിന്റെ നേതൃത്വത്തിൽ റഷ്യയിൽ അതിശക്തമായ വിമത നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ പിൻബലത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെയാണ് റഷ്യ ആഭ്യന്തര തലത്തിൽ പുതിയ വെല്ലുവിളി നേരിടുന്നത്.
വാഗ്‌നർ ഗ്രൂപ്പ് നടത്തുന്ന വിമത മുന്നേറ്റം മോസ്‌കോയിലേക്കു നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. റഷ്യയിലെ മൂന്നു നഗരങ്ങൾ പിടിച്ചെടുത്തുവെന്നാണ് വാഗ്നർ ഗ്രൂപ്പ് അവകാശപ്പെടുന്നത്. പല സ്ഥലത്തും വിമതർ പ്രധാന റോഡുകൾ അടച്ച് കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവരെ നേരിടാൻ റഷ്യൻ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സൂചന. വിമതരെ തടയാൻ നഗരത്തിലേക്കുള്ള പ്രധാന പ്രവേശനകവാടമായ പാലം സൈന്യം തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വിമത നീക്കത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ മോസ്‌കോ വിട്ടതായി അഭ്യൂഹമുണ്ട്. റഷ്യൻ പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് മോസ്‍കോയിൽനിന്ന് പറന്നുയർന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ, പുട്ടിൻ ക്രെംലിൻ കൊട്ടാരത്തിൽ തുടരുന്നതായാണ് ഔദ്യോഗിക വിശദീകരണം.
ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിൻ റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ കുറച്ചുകാലമായി നിരന്തരം വിമർശനം ഉന്നയിച്ചുവരികയായിരുന്നു. ഇതേത്തുടർന്ന് സൈന്യവും വാഗ്നർ ഗ്രൂപ്പും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തങ്ങൾക്കെതിരേയും സൈന്യം മാരകമായ മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന് പ്രിഗോഷിൻ ആരോപിച്ചു.
എന്നാൽ, പ്രിഗോസിന്റെ ആരോപണം നിഷേധിച്ച റഷ്യൻ അധികൃതർ, പ്രിഗോസിൻ തന്റെ നിയമവിരുദ്ധമായ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
‘റഷ്യൻ സൈന്യത്തിലെ തിന്മകൾ അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യൻ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാൻ ശ്രമിക്കേണ്ട. ഭീഷണിയായി നിൽക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാർച്ചാണെന്നും പ്രിഗോഷിൻ പറഞ്ഞു.