നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഹോസ്പിറ്റലില്‍ ജീവിത ശൈലീ സന്ധിരോഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചു. സാധാരണക്കാര്‍ക്കും മരുന്നുകള്‍, സര്‍ജറി തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങള്‍ പ്രയാസമുള്ളവര്‍ക്കും സൗജന്യമായി ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് സംവിധാനം. മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് ജീവിത ശൈലീ ക്ലിനിക്കിന് കീഴില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഒ.പിയില്‍ വാതം, തേയ്മാനം, മുട്ടുവേദന, കഴുത്തുവേദന, നടുവേദന അടക്കം വിവിധ സന്ധിരോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കും.
ശരീര ചലനങ്ങള്‍ ചിട്ടപ്പെടുത്തിയും പ്രത്യേക ആഹാര രീതിയില്‍ പരിശീലനം നല്‍കി സന്ധികളെയും പേശികളെയും ശക്തിപ്പെടുത്തിയും സന്ധിരോഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച പരിഹാരം കാണാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ചികിത്സ. പഴക്കം ചെന്ന സന്ധിരോഗങ്ങള്‍ക്കും ഫലപ്രദമായി ഈ രീതിയില്‍ ചികിത്സിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ശൈഖ് ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.വി ശംസുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ.കെ.എം അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.
ഓരോ രോഗികള്‍ക്കും പ്രത്യേക രോഗ നിര്‍ണയവും കൗണ്‍സിലിംഗും പരിശീലനവും നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവസരം. ആദ്യഘട്ടത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ആര്‍ത്രൈറ്റിസ് ലൈഫ് സ്റ്റൈല്‍ ഒ.പി പ്രവര്‍ത്തിക്കുക. വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും ഈ നമ്പറില്‍ 6235998811 വിളിക്കുക.