കൊച്ചി: മതേതരത്വത്തിന്റെയും, മതമൈത്രിയുടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണില്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെയും ,കേന്ദ്ര സര്‍ക്കാരിന്റെയും വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി വരാപ്പുഴ അതിരൂപത കെ.എല്‍.സി.എ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കലാപ ഭൂമിയില്‍ ദുരിതം അനുഭവിക്കുന്ന നിസ്സഹയരായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെ.എല്‍.സി.എയുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥന സന്ധ്യ നടത്തി.
സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ സന്ധ്യ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും കുടുംബങ്ങളിലും മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന യജ്ഞത്തിന് ഇതോടെ തുടക്കം കുറിക്കണമെന്ന് മോണ്‍ മാത്യു കല്ലിങ്കല്‍ ആഹ്വാനം ചെയ്തു.
കെ.എല്‍.സി.എ അതിരൂപതാ പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ ,ഫാ.പീറ്റര്‍ കൊച്ചുവീട്ടില്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്,ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, വൈസ് പ്രസിഡന്റ്മാരായ റോയ് ഡി. കുഞ്ഞ, ബാബു ആന്റണി, ബേസില്‍ മുക്കത്ത് അഡ്വ. കെ.എസ് ജിജോ, നിക്‌സണ്‍ വേണാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.