കോഴിക്കോട്: പ്ലസ്‌വണ്‍ അലോട്ട്‌മെന്റിന് മാര്‍ക്ക് അടിസ്ഥാനമാക്കണമെന്ന് ഹയ അഷ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയിട്ടും താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ തുടര്‍പഠനം നടത്താനുള്ള അവസരം ലഭിച്ചില്ലായെന്നും ആദ്യ അലോട്ട്‌മെന്റില്‍ തഴയപ്പെട്ടുവെന്നും ഹയ പറഞ്ഞു. 99 ശതമാനം മാര്‍ക്ക് വാങ്ങിയ ഹയ താന്‍ പഠിച്ച സ്‌കൂളായ ബാലുശ്ശേരി കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ് ഉള്‍പ്പെടെ നാല് സകൂളിലാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഈ നാല് സ്‌കൂളുകളിലും പ്രവേശനം ലഭിച്ചില്ല. മാര്‍ക്കടിസ്ഥാനത്തില്‍ നോക്കിയപ്പോള്‍ തന്റെയത്ര മാര്‍ക്കില്ലാത്തവര്‍ക്കുപോലും പ്രവേശനം ലഭിച്ചതായി ഹയ ചൂണ്ടിക്കാണിച്ചു.
ഈ സാഹചര്യത്തില്‍ ഗ്രേഡ് സിസ്റ്റം മാറ്റി പ്ലസ്‌വണ്‍ അലോട്ട്‌മെന്റില്‍ മാര്‍ക്ക് പരിഗണിക്കണമെന്നും താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ തുടര്‍പഠനത്തിനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥി. കുട്ടികള്‍ താമസിക്കുന്ന പഞ്ചായത്തിലും താലൂക്കിലുമാണ് അപേക്ഷിക്കുന്ന സ്‌കൂളെങ്കില്‍ ബോണസ് പോയിന്റ് നല്‍കുന്നത് തികച്ചും തെറ്റായ രീതിയാണെന്നും അതിനുപകരം കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്വീകരിക്കുന്നതുപോലെ വീട്ടിലേക്കുള്ള ദൂരം അടിസ്ഥാനമാക്കി പ്രവേശനം നല്‍കണമെന്നും ഹയ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഹയയുടെ പിതാവ് അഷ്‌റഫ് പി.എം, മാതാവ് ഷിനു അഷ്‌റഫ് എന്നിവരും പങ്കെടുത്തു.