കോഴിക്കോട്: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഉത്തരകേരളത്തിലെ ആദ്യ ത്വക്ക് ബാങ്ക് (SKIN BANK) കോഴിക്കോട് നിലവില്‍ വരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസുമായി സഹകരിച്ചാണ് സ്‌കിന്‍ ബാങ്ക് യാഥാര്‍ഥ്യമാകുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. പൊള്ളലേറ്റവരില്‍ ത്വക്ക് നഷ്ടപ്പെടുന്നത് അണുബാധയ്ക്കും മരണത്തിനും കാരണമാകാറുണ്ട്. ത്വക്ക് മാറ്റിവെക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി. രോഗിയുടെ ശരീരത്തില്‍ നിന്നുതന്നെ ത്വക്കെടുത്ത് മറ്റുഭാഗങ്ങളില്‍ വെക്കുന്ന ശസ്ത്രക്രിയയാണ് നിലവിലുള്ളത്. ഇങ്ങനെ ത്വക്ക് എടുക്കുന്നതിനായി ഉണ്ടാക്കുന്ന മുറിവ് രോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സ്‌കിന്‍ ബാങ്കിന് ആവശ്യമായ സംവിധാനങ്ങള്‍ വെള്ളിയാഴ്ച കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്ന പരിപാടിയില്‍ പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍, റൊട്ടേറിയന്‍ ഗൗരി രാജന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഭാരവാഹികള്‍ക്ക് കൈമാറി.
രോഗി മരണപ്പെട്ടതിന് ശേഷമാണ് ത്വക്ക് സ്വീകരിക്കുന്നത്. ഇത് സ്‌കിന്‍ ബാങ്കില്‍ സൂക്ഷിക്കുകയും പിന്നീട് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ വച്ചു പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്ത് തന്നെ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ സ്‌കിന്‍ ബാങ്കുകളുള്ളത്. ലിംഗ, രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ 18 വയസ്സിനു മുകളിലുള്ള ആരുടെയും ത്വക്ക് ഉപയോഗിക്കാനാകും. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും ത്വക്ക് ദാനത്തിന് തടസമാകില്ല. ഇതിനായി ശരീരത്തിലെ മൊത്തം ത്വക്കിന്റെ എട്ടിലൊന്ന് ഭാഗമാണ് എടുക്കുന്നത്. കാലില്‍ നിന്നോ പുറം ഭാഗത്ത് നിന്നോ ആകും. നേത്രദാനംപോലെ ആശുപത്രിയില്‍വെച്ചും, വിദഗ്ധസംഘം മരണപ്പെട്ടയാളുടെ വീട്ടിലെത്തിയും ശേഖരിക്കും. പരമാവധി 45 മിനിറ്റാണ് വേണ്ടിവരുക. ഇങ്ങനെ ശേഖരിക്കുന്ന ത്വക്ക് അഞ്ചുവര്‍ഷം വരെ സ്‌കിന്‍ ബാങ്കില്‍ ശീതീകരിച്ച് സൂക്ഷിക്കാനാകും. സ്‌കിന്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചതോടെ ചികിത്സകള്‍ക്കായി രോഗികള്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് റോട്ടറി പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് പറഞ്ഞു.