നാദാപുരം: ഗ്രാമപഞ്ചായത്തില്‍ നൂതന പദ്ധതിയായി നടപ്പിലാക്കുന്ന ഡിജിറ്റല്‍ എജ്യുക്കേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കൈപുസ്തകം ഇ.കെ വിജയന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. പഞ്ചായത്തിലെ 10,500 ഓളം വീടുകളില്‍ ഡിജി ലോക്കര്‍ സംവിധാനം ആരംഭിക്കാനും മുഴുവന്‍ പേര്‍ക്കും ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കുവാനും പഞ്ചായത്തിലെ മുഴുവന്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്വെയറില്‍ മുഴുവന്‍ വീട്ടുകാര്‍ക്കും പീപ്പിള്‍ എക്കൗണ്ട് ഉണ്ടാക്കുവാനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഡിജിറ്റല്‍ എജുക്കേഷന്‍ പദ്ധതിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന കൈപ്പുസ്തകമാണ് പ്രകാശനം ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ വിഭജനം (digital divide )കുറയ്ക്കുവാനായി സാമൂഹിക സേവന സന്നദ്ധരായ ടെക് മേറ്റു മാര്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാദാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ മുഖേന കൈപുസ്തകം വീടുകളില്‍ നേരിട്ട് എത്തിക്കുന്നതാണ്. ഇതിനായി 26ാം തീയതി വനിത ടെക്‌സഭ ചേരുന്നതാണ്. കൈ പുസ്തകപ്രകാശന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ.നാസര്‍ , എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , മെമ്പര്‍മാരായ എ.ദിലീപ് കുമാര്‍, വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.