നാദാപുരത്ത് കല്ലാച്ചി പെട്രോള്‍ പമ്പിന് മുന്‍വശം മോഡേണ്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ മണ്ണെണ്ണയുടെ ഗന്ധം അനുഭവപ്പെട്ടതായി പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കടയിലെ വില്‍പനക്ക് വെച്ച കുപ്പി വെള്ളം പരിശോധിച്ചു.ടൗണിലെ ഓട്ടോ ഡ്രൈവര്‍ വാങ്ങിയ കുപ്പി വെള്ളത്തിനാണ് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് പൊട്ടിച്ച കുപ്പിവെള്ളവും വില്‍ക്കാന്‍ വച്ച കുപ്പിവെള്ളവും പരിശോധനക്കായി പിടിച്ചെടുത്തു. കുപ്പി വെള്ളം വിതരണം ചെയ്ത ഏജന്‍സിയെ പഞ്ചായത്തില്‍ നോട്ടീസ് നല്‍കി വിളിപ്പിച്ചു. കുപ്പിവെള്ളം പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറുന്നതാണ്. പരിശോധനയില്‍ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.