കോഴിക്കോട്: സദ്ഭാവന ബുക്‌സ്, കോഴിക്കോട് ഏര്‍പ്പെടുത്തിയ പ്രഥമ പുസ്തകമിത്രം പുരസ്‌കാരത്തിന് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ അര്‍ഹനായതായി കവി പി.പിശ്രീധരനുണ്ണിയും സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുലക്ഷം രൂപയും ഒരുലക്ഷം രൂപ മുഖവിലയുമുള്ള 1000 പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പ്രഥമ പുസ്തകമിത്രം പുരസ്‌കാരം. സദ്ഭാവന ബുക്‌സിന്റെ വായനാമാസാചരണത്തിന്റെ സമാപനദിനമായ ജൂലൈ 18ന് തൃശൂരില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. സാഹിത്യകാരന്‍ യു.കെ കുമാരന്‍ ചെയര്‍മാനും കവി പി.പി ശ്രീധരനുണ്ണി, ഹരിതം ബുക്‌സ് എഡിറ്റര്‍ പ്രതാപന്‍ തായാട്ട്, യുവ എഴുത്തുകാരി ട്രീസ അനില്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞെടുത്തത്.
പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും പൂവ്, മാല, ഷാള്‍, മെമന്റോ, മറ്റ് ഉപഹാരങ്ങള്‍ എന്നിവയ്ക്ക് പകരം പുസ്തകം മാത്രം സ്വീകരിച്ച് പൊതുസമൂഹത്തിന് മാതൃകയാവുന്നത് പരിഗണിച്ചാണ് ടി.എന്‍ പ്രതാപന് പുസ്തകമിത്രം പുരസ്‌കാരം നല്‍കുവാന്‍ ജൂറി തീരുമാനിച്ചത്. എം.പിയായിതിന് ശേഷം കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി ഒന്നരകോടി രൂപയില്‍ അധികം വിലവരുന്ന 1,26,000 പുസ്തകങ്ങള്‍ ടി.എന്‍ പ്രതാപന്‍ ഇന്ത്യയിലും വിദേശങ്ങളില്‍ നിന്നുമായി സ്വീകരിക്കുകയും ഈ പുസ്തകങ്ങള്‍ കേരളത്തിലെ സ്‌കൂള്‍, കോളേജ്, പൊതുവായനശാലകള്‍ക്കായി നല്‍കി വരികയാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ടി.എന്‍ പ്രതാപന്റെ ഈ ഉദാത്ത മാതൃക സ്വീകരിക്കുമെനന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കവിയും പ്രഭാഷകനുമായ മോഹനന്‍ പുതിയോട്ടില്‍, യുവ എഴുത്തുകാരി ട്രീസ അനില്‍ എന്നിവരും പങ്കെടുത്തു.