തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് താന്‍ പണം നല്‍കിയിട്ടില്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍. കേസില്‍ സുധാകരന്‍ പ്രതി ചേര്‍ത്തത് രാഷ്ട്രീയക്കളിയെന്നും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ സുധാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും മോന്‍സന്‍ മാവുങ്കല്‍ ആവര്‍ത്തിച്ചു.
അതിനിടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കാമെന്ന് കെ.സുധാകരന്‍ ഇന്ന് പറഞ്ഞു. കെ.സുധാകരന്‍ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം. നേരത്തെ ആരോഗ്യപ്രശ്‌നം കാരണം സുധാകരന്‍ മാറണമെന്ന ആവശ്യം ഉയര്‍ത്തിയ എ- ഐ ഗ്രൂപ്പ് നേതാക്കളും നിലവില്‍ മാറ്റം വേണ്ടെന്ന നിലപാടെടുത്തു. സ്ഥാനമൊഴിഞ്ഞാല്‍ അത് സിപിഎമ്മിന് രാഷ്ട്രീയ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ്സിലെ പൊതു വിലയിരുത്തല്‍.