പാസ്പോര്‍ട്ട് ഹാജരാക്കണം
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കെ. വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നീലേശ്വരം പോലിസിന് വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും മണ്ണാര്‍ക്കാട് കോടതി നല്‍കി.
വ്യാജരേഖ ഉണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് എടുത്തതിന് പിന്നാലെ രേഖകള്‍ നശിപ്പിച്ചു. ഈ മൊഴിയുടെ വസ്തുതകള്‍ കണ്ടെത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കോടതിയില്‍ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യയുടെ ആരോഗ്യ സ്ഥിതി മോശമാണ്.എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് വിദ്യയുടെ അറസ്റ്റെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യം അവര്‍ക്ക് ഇല്ലെന്നും കോടതിയില്‍ വിദ്യയുടെ അഭിഭാഷകന്‍ നിലപാട് എടുത്തു. ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുത്, ജാമ്യത്തിനായി ഏത് ഉപാധിക്കും തയാറാണെന്ന് വിദ്യ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
രണ്ടാഴ്ച കൂടുമ്പോള്‍ വിദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, വിദ്യ ഉണ്ടാക്കിയ വ്യാജരേഖകള്‍ നശിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിദ്യ ബോധപൂര്‍വം തെളിവ് നശിപ്പിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ വിദ്യയുടെ കൈയിലാണ്. വ്യാജരേഖ എവിടെ ഉണ്ടാക്കിയെന്ന് കണ്ടെത്തണമെന്നും പോലിസ് കോടതിയെ അറിയിച്ചു. കെ. വിദ്യയുടെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബര്‍ വിദഗ്ദ്ധന്‍ ഉടന്‍ ഫോണ്‍ പരിശോധിക്കും. ഈ രീതിയില്‍ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.