ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേയുള്ള കേസ് രാഷ്ട്രീയപ്രേരിതമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സുധാകരന്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. അതിനാലാണ് നടപടിയെടുത്തതെന്നും രാഷ്ട്രീയപ്രേരിതമല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കെ. സുധാകരന്‍ ക.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ഈ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയാണോയെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ക്കതില്‍ പ്രശ്‌നങ്ങളില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന കോണ്‍ഗ്രസിന്റെ വാദം കേരളത്തിലെ ജനം അംഗീകരിക്കില്ല. ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകളുണ്ടെന്നാണ് മനസിലാക്കുന്നത്.
കേസും അതിന്റെ അനുബന്ധ നടപടികളും ഉമ്മന്‍ചാണ്ടി മുന്‍പ് പറഞ്ഞത് പോലെ അതിന്റെ വഴിക്ക് നടക്കും. കേസ് കൈകാര്യം ചെയ്യുകയെന്ന് മാത്രമേ അക്കാര്യത്തില്‍ പറയാനുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്, മുന്‍പത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.