എറണാകുളം: ആവശ്യമെങ്കില്‍ താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാമെന്ന് കെ. സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തില്‍ ചര്‍ച്ച ചെയ്യുകയാണെന്നും അന്വേഷണം നേരിടുമെന്നും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെ.പി.സി.സി കരിദിനം ആചരിക്കും. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. ഇന്നലെ രാത്രിയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.