ഗുവാഹത്തി: അസമില്‍ പെയ്ത ശക്തമായ മഴയില്‍ കനത്ത നാശം. 16 ജില്ലകളിലായി അഞ്ച് ലക്ഷത്തോളം ആളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയുമാണ്. നെമതിഘട്ടില്‍ (ജോര്‍ഹട്ട്) ബ്രഹ്‌മപുത്ര നദിയും, പുത്തിമാരി, പഗ്ലാഡിയ എന്നീ നദികള്‍ കാംരൂപ്, നല്‍ബാരി ജില്ലകളിലും കരകവിഞ്ഞു. കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് ബാലാജി സബ് ഡിവിഷനിലാണ്. 2 .67 ലക്ഷം ആളുകളെ മഴ ബാധിച്ചതായാണ് കണക്ക്. നല്‍ബാരിയില്‍ ഏകദേശം 80,000 പേരും, ബാര്‍പേട്ട ജില്ലയില്‍ 73,000 ത്തോളം ആളുകളും ദുരിത ബാധിതരായി. രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് അംഗങ്ങളെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ബജാലി, ബക്സ, ബാര്‍പേട്ട, കച്ചാര്‍, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ഗോള്‍പാറ, കരിംഗഞ്ച്, കൊക്രജാര്‍, മജുലി, നാല്‍ബാരി തുടങ്ങി വിവിധ ജില്ലകളില്‍ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നിട്ടുണ്ട്.