അവ​ഗണിക്കരുത് നിങ്ങളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

അവ​ഗണിക്കരുത് നിങ്ങളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

ലോകത്താകമാനമായി സംഭവിക്കുന്ന 32% മരണങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്നതാണ്. ലോകാരോഗ്യ സംഘടന (WHO) യുടെ കണക്കുകൾ പ്രകാരം ഹൃദ്രോഗങ്ങൾ കാരണം വർഷവും 18 ദശലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. ഇതിൽ തന്നെ ഹൃദ്രോഗം മൂലമുള്ള മരണങ്ങളിൽ 85% വും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ എളുപ്പമല്ല എന്നതാണ് മരണസംഖ്യ കൂടുന്നതിന് ഒരു കാരണം. മറ്റെന്തെങ്കിലും രോഗമോ അവസ്ഥയോ ആണെന്ന് തെറ്റിദ്ധരിച്ച് രോഗനിർണയം സാധ്യമാകാതെ ഹൃദ്രോഗത്തിനുള്ള കൃത്യമായ ചികിത്സ വൈകിപ്പിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അതിനാൽ പ്രാരംഭ ലക്ഷണങ്ങൾ എന്താണെന്ന് മനസ്സിലാക്കേണ്ടതാണ്. രോഗാവസ്ഥയുടെ കാഠിന്യം കണക്കിലെടുത്ത്, രോഗത്തിന്റെ ലക്ഷണങ്ങൾ അറിയേണ്ടത് പ്രധാനമാണ്, അതിലൂടെ രോഗത്തിന്റെ ആരംഭം എളുപ്പത്തിൽ തിരിച്ചറിയാനും വൈദ്യസഹായം ലഭ്യമാക്കാനും കഴിയും. എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടതെന്നും അറിഞ്ഞിരിക്കുക.

ഇടത് തോളിൽ വേദന

തോളുകളിൽ വേദന സാധാരണ മിക്കവരിലും ഉണ്ടാകുന്ന ഓന്നാണ്. ഇക്കാരണത്താൽ ഹൃദയാഘാതം മൂലം ഉണ്ടായേക്കാവുന്ന നെഞ്ചുവേദനയെ നിസ്സാരമെന്ന് കരുതി തള്ളിക്കളയാറുണ്ട്. അലസവും വ്യായാമമില്ലാത്തതുമായ ജീവിതരീതി ഹൃദയത്തിന്റെ വാൽവുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ട്. ദീർഘ നേരം ഇരുന്ന് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതും മറ്റും കൈകൾക്കും തോളുകൾക്ക് ഉപയോഗിക്കുന്നതും തോളിൽ വേദനയുണ്ടാകുന്നതിനാൽ ഹൃദയാഘാതം മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് വേർതിരിച്ചറിയാൻ ആളുകൾക്ക് ബുദ്ധിമുട്ടാണ്.

വയറിന്റെ മധ്യഭാഗത്ത് വേദന

ഇതിനെ എപ്പിഗാസ്ട്രിക് മേഖല എന്ന് വിളിക്കുന്നു. ഇത് ഹൃദയാഘാതവുമായി ബന്ധപ്പെട്ട് വേദനയുണ്ടാകാറുള്ള സ്ഥലമാണിത്. ഇത് സാധാരണയായി വയറിന്റെ മധ്യഭാഗത്ത് കത്തുന്ന വേദന പോലെയാണ് അനുഭവപ്പെടുക. പലരും ഇത് ഗ്യാസ്ട്രിക് അല്ലെങ്കിൽ അസിഡിറ്റി ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ദഹനക്കേട് മൂലമെന്ന് തോന്നിപ്പിക്കുന്ന നെഞ്ച് വേദന

പല കാർഡിയാക് കേസുകളിലും, ആളുകൾ നെഞ്ചുവേദനയെ ദഹനക്കേട് മൂലമാണെന്ന് തെറ്റിദ്ധരിക്കുന്നതായ് കാണാറുണ്ട്. ഹൃദയാഘാതം മൂലമുണ്ടാകുന്ന നെഞ്ചുവേദനയെക്കുറിച്ചുള്ള അവബോധം കുറവായതിനാൽ ഇത് തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തരത്തിൽ നെഞ്ച് വേദന വരുമ്പോൾ ആളുകൾ ദഹനക്കേടിനുള്ള പ്രതിവിധികൾ ആരംഭിക്കുകയും ഈ പ്രക്രിയയിൽ യഥാർത്ഥ ചികിത്സ വൈകുകയും ചെയ്യുന്നു. ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദന നെഞ്ചിൽ കുത്തുന്ന പോലെയുള്ള വേദനയാണ് അനുഭവപ്പെടുകയെന്ന് വിദഗ്ദ്ധർ പറയുന്നു.

ബോധക്ഷയം അല്ലെങ്കിൽ അബോധാവസ്ഥയിലാവുക

നാം പലപ്പോഴും തലകറക്കത്തെയോ ബോധക്ഷയത്തെയോ ക്ഷീണവുമായി ബന്ധപ്പെടുത്താറാണ് പതിവ്. എന്നാൽ ബോധക്ഷയമോ അബോധാവസ്ഥയിലോ ഹൃദയാഘാതത്തിന്റെ നിശ്ശബ്ദമായ ലക്ഷണങ്ങളിലൊന്നാണ്. ഇത് പലപ്പോഴും ഓക്കാനം, ഛർദ്ദി എന്നിവയ്ക്കൊപ്പമാണ് ഉണ്ടാകാറുള്ളത്.

വിയർപ്പ്

ഹൃദയാഘാത സാധ്യതയുള്ള രോഗികളിൽ തണുപ്പുള്ള സാഹചര്യത്തിലാണെങ്കിലും രാത്രികളിൽ അസാധാരണയായി വിയർക്കുന്നത് കാണപ്പെടാറുണ്ട്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീകൾക്കിടയിൽ സാധാരണയായി കാണുന്ന ഒരു അടയാളമാണ് ഉറക്കത്തിൽ ഇത്തരത്തിൽ വിയർക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന സമയത്തോ അല്ലെങ്കിൽ വാൽവുകളിൽ എന്തെങ്കിലും തടസ്സങ്ങളോ നേരിടുന്ന സമയങ്ങളിലോ, ശരീരം രക്തം പമ്പ് ചെയ്യാൻ കൂടുതൽ പരിശ്രമിക്കേണ്ടി വരുന്നതിനാലാണ് ഇത്തരത്തിൽ വിയർപ്പിന് കാരണമാകുന്നത്.

വേദനയുണ്ടായ ഭാഗവും അതിന്റെ സ്വഭാവും കണക്കാക്കി ഇത് ഹൃദയാഘാതമാണോ അതോ മറ്റെന്തെങ്കിലുമോ എന്ന് അറിയാൻ പ്രയാസമാണെങ്കിലും, തീർച്ചയായും ഈ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. നിങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ സഹായത്തിനായി ആരെയെങ്കിലും വിളിക്കുക. ശരീരത്തിൽ നിങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത്തരം സാഹചര്യത്തിൽ സ്വന്തമായി ഡ്രൈവ് ചെയ്യാൻ ശ്രമിക്കരുത്.

Share

Leave a Reply

Your email address will not be published. Required fields are marked *