കൊല്ലം: ഹരിത കര്‍മ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് പിഴയിട്ട് ഗ്രാമപഞ്ചായത്ത്. 10,000 രൂപയാണ് പഞ്ചായത്ത് വീട്ടുടമയ്ക്ക് പിഴയിട്ടത്. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാര്‍ഡില്‍ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്.
മാലിന്യം എടുക്കാനെത്തിയവര്‍ക്ക് പ്ലാസ്റ്റിക് നല്‍കാന്‍ വിസമ്മതിച്ച ഇയാള്‍ സ്‌കാന്‍ ചെയ്യുന്നതിന് വീടിന് മുന്നില്‍ പതിച്ചിരുന്ന ക്യുആര്‍ കോഡ് സ്റ്റിക്കര്‍ കീറി കളയുകയും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. സേനാംഗങ്ങള്‍ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ സെക്രട്ടറി നേരിട്ടെത്തി വീട്ടുടമയ്ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കി. ഹരിത കര്‍മ്മ സേനാംഗങ്ങളുമായി സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി പിഴ ചുമത്തുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പിഴ ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനോടകം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 3.42 ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 64,500 രൂപയാണ് ഈടാക്കിയത്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിതരണം, പൊതുസ്ഥലത്തും സ്വകാര്യ സ്ഥലത്തും വലിച്ചെറിയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. അതോടൊപ്പം തന്നെ പഞ്ചായത്ത് പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി കണ്ടെത്തുന്ന വിവിധ നിയമലംഘനങ്ങള്‍ക്ക് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.