കൊയിലാണ്ടി: ഭൂമിയില്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ശക്തിയുള്ള ആയുധം ഭാഷയാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. കെ.പി.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായയ്ക്ക് രുചിയുള്ളതേ നമ്മള്‍ കഴിക്കുകയുള്ളൂ അതുപോലെ വായനയ്ക്കും രുചിയുള്ളതിനേ വായനക്കാരുണ്ടാവൂ. നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വായനയ്ക്ക് രുചികരമായ വിഭവങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ് ബൈജു റാണി അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. പുസ്തകോത്സവം, കലാപരിപാടികള്‍, അനുമോദനസഭ, പുസ്തക സമ്മാനം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. മികച്ച എഴുത്തുകാരെയും വായനക്കാരെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ഗായിക കുമാരി ഹരി ചന്ദന, സി.വി ബാലകൃഷ്ണന്‍, പി. രത്‌നവല്ലി, എന്‍.വി വത്സന്‍, കരുണന്‍ പുസ്തകഭവന്‍, വിനീത മണാട്ട്, ഇ.കെ പ്രജേഷ്, കെ.എം മണി, പി.കെ രാധാകൃഷ്ണന്‍, കെ.കെ മനോജ്, പി. ബാസില്‍, കെ.പി ഷര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.