കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹനസംരംഭമായ വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടി(VEP)ന്റെ ഈ വര്‍ഷത്തെ മഴക്യാംപ് ജൂണ്‍ 24, 25 ദിവസങ്ങളില്‍ വടകര ഇരിങ്ങല്‍ സര്‍ഗ്ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും. പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാംപ് ശനിയാഴ്ച രാവിലെ 10ന് വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍ ആസ്ഥാനമായ പരിസ്ഥിതി സംഘടനയായ സൊസൈറ്റി ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യൂക്കേഷന്‍ ഇന്‍ കേരള(SEEK)യുമായി സഹകരിച്ചാണു ക്യാംപ് നടത്തുന്നത്. വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്റ്റിന്റെ ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് പ്രത്യേക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 280 വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുക്കുക. പരിസ്ഥിതിപഠനം, മഴനടത്തം, ജൈവ വൈവിധ്യക്ലാസ് എന്നുതുടങ്ങി വിവിധ പഠനപരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ ക്യാംപില്‍ ഉണ്ടാകും.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷനാകും. സൊസൈറ്റി എം.ഡി എസ്. ഷാജു, ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഇ. കെ കുട്ടി, യു.എല്‍ റിസേര്‍ച്ച് ഡയറക്റ്റര്‍ ഡോ. ഇ.പി. സന്ദേശ്, വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി. ദാമോദരന്‍ എന്നിവര്‍ സംസാരിക്കും. സീക്കിന്റെ പ്രതിനിധികളായ ടി.പി പത്മനാഭന്‍, കെ.വി ആനന്ദ്, വി.ഇ.പിയുടെ യു.കെ ഷജില്‍, ടി.കെ സോമന്‍ തുടങ്ങിയവര്‍ ക്യാംപിനു നേതൃത്വം നല്‍കും.