കൊച്ചി: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ പോലിസ് എറണാകുളത്തു വെച്ച് കസ്റ്റഡിയില്‍ എടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പോലിസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. പോലീസെത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിഹാല്‍തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ് ഉള്‍പ്പെടെയുള്ളവ പോലിസ് കസ്റ്റഡിയലെടുത്തു. അശ്ലീലപദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നിഹാലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.
ഇക്കഴിഞ്ഞ 17ന് വളാഞ്ചേരിയില്‍ ജെന്‍സ് ഷോപ്പ് ഉദ്ഘാടനവും അവിടെ തൊപ്പി പാടിയ അശ്ലീല പാട്ടും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം പരിപാടിക്ക് എത്തിയതുകാരണം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടു. പരിപാടിയില്‍ തൊപ്പി പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറുകളോളം ഗാതഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പോലിസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോകളും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.
വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പൊലിസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികള്‍ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്‌സുള്ളയാളാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാല്‍.
ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ക്ക് 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് പ്രേക്ഷകരായുള്ളത്. സഭ്യമല്ലാത്തതും ടോക്‌സിക്കും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളുമുള്ള ഉള്ളടക്കങ്ങളാണ് തൊപ്പി അവതരിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.