തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരേ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഭീഷണികൊണ്ടും കള്ളക്കേസുകൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതേണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്നു കാട്ടുകതന്നെ ചെയ്യും’, വി.ഡി. സതീശൻ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം പാർട്ടി നിർദേശത്തെ തുടർന്നാണ് സുധാകരനെ അറസ്റ്റ് ചെയ്തത് എന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെസെടുത്തതും അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കേണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനെന്നും ചെന്നിത്തല പറഞ്ഞു.