ഒ.പി ശീട്ട്, ലാബ്, ക്യാഷ് കൗണ്ടറുകളില്‍ രോഗികള്‍ മണിക്കൂറുകള്‍ വരി നില്‍ക്കണം
കോഴിക്കോട്: ജില്ല ജനറല്‍ (ബീച്ച്) ഹോസ്പ്പിറ്റലില്‍ ഒ.പി ശീട്ട്, ലാബ്, ക്യാഷ് കൗണ്ടര്‍ എന്നിവയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതു കാരണം രോഗികള്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്നു എന്ന് രോഗികള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് ബിജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് എന്നിവര്‍ ബീച്ച് ഹോസ്പ്പിറ്റല്‍ സന്ദര്‍ശിച്ചു. ഒ.പി ശീട്ട് ലഭിക്കാന്‍ മുന്ന് കൗണ്ടാറാണ് നിലവില്‍ ഉള്ളത് അതില്‍ ഒരു കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. നൂറുകണക്കിന് രോഗികള്‍ മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട സാഹചര്യമാണ്. ഒ.പി. ശീട്ട് കൗണ്ടറിന്റെ എണ്ണം അടിയന്തരമായി കൂട്ടണം, മുന്‍പ് കാണിച്ച രോഗികള്‍ക്ക് ഒ.പി. ശീട്ടില്‍ സീല്‍ വെച്ച് പുതുക്കിയാല്‍ മാത്രമെ വീണ്ടും കാണിക്കാന്‍ സാധിക്കൂ. പുതുക്കുന്നതിന് പ്രേത്യക കൗണ്ടര്‍ തുറക്കണം. രോഗികള്‍ ശീട്ട് ലഭിക്കാന്‍ മഴയത്ത് നില്‍ക്കേണ്ട സാഹചര്യവും ഇവിടെയുണ്ട്. ലാബില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണം. ക്യാഷ് കൗണ്ടറിന്റെ എണ്ണം വര്‍ദ്ധിപ്പിക്കണം, മരുന്നുക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചതിന് കോര്‍പ്പറേഷന്‍ അടച്ച് പൂടിയ ക്യാന്റീന്‍ മാസങ്ങളായിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നീ വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹോസ്പ്പിറ്റല്‍ വികസന സമിതി ചെയര്‍മാനായ ജില്ലാ കലക്ടറെ ബി.ജെ.പി സംഘം കാണും.
ശക്തമായ ജനകീയ ഉപവാസമടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അറിയിച്ചു.