തായ്ലന്‍ഡ്: അഗ്നി ശമനത്തിനുപയോഗിക്കുന്ന ഉപകരണമായ ഫയര്‍ എക്സ്റ്റിംഗുഷര്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു. 21 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. തായ്ലന്‍ഡിലെ ബാങ്കോക്കിലെ രാജവിനിത് മത്തയോം എന്ന സ്‌ക്കൂളില്‍ സംഘടിപ്പിച്ച ഫയര്‍ ഡ്രില്ലിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. 10 മീറ്ററോളം അകലെ മാറി നിന്നിരിന്ന വിദ്യാര്‍ത്ഥിക്ക് നേരെ സ്ഫോടനത്തില്‍ എക്സ്റ്റിംഗുഷര്‍ ചെന്ന് പതിക്കുകയായിരുന്നു.
വെയിലോ ചൂടോ കാരണമാകാം എക്സ്റ്റിഗ്വിഷര്‍ തകരാറിലായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥിയുടെ പ്രായം സ്ഥിരീകരിച്ചിട്ടില്ല. ഡ്രില്ലില്‍ ഉപയോഗിച്ച എക്സ്റ്റിംഗുഷറുകള്‍ എല്ലാം പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പൊട്ടിത്തെറിച്ച കാനിസ്റ്ററില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്ന് സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തന സംഘടനയായ റുവാംകതന്യൂ ഫൗണ്ടേഷന്‍ അറിയിച്ചു. എക്സ്റ്റിംഗുഷറുകള്‍ ഉപയോഗിച്ച് കഴിയുമ്പോള്‍ സാധാരണയായി രാസവസ്തുക്കള്‍ ഉപയോഗിച്ച് വീണ്ടും നിറയ്ക്കാറുണ്ട്. ഇതില്‍ വന്ന അപാകതകളാകാം പൊട്ടിത്തെറിക്ക് കാരണമെന്നും പറയപ്പെടുന്നു