പ്രതീക്ഷകള്‍ അസ്തമിച്ചു; ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നു, അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരണം

പ്രതീക്ഷകള്‍ അസ്തമിച്ചു; ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നു, അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരണം

ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോവുകയും പിന്നീട് കാണാതാവുകയും ചെയ്ത ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ച് യു.എസ് കോസ്റ്റ് ഗാര്‍ഡ്. ഉയര്‍ന്ന മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഓഷ്യന്‍ ഗേറ്റ് കമ്പനി അറിയിച്ചു. അഞ്ച് ഭാഗങ്ങളായാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. ടൈറ്റനിലുണ്ടായിരുന്നവരുടെ മൃതദേഹം കണ്ടെത്തുക ദുഷ്‌കരമാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ടൈറ്റന്റെ പിന്നിലെ കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെടുത്തത്. കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി കടലിന്റെ അടിത്തട്ടില്‍ തിരച്ചില്‍ തുടരുകയാണ്.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ജലപേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
എയര്‍ക്രാഫ്റ്റുകളും ആഴക്കടല്‍ പര്യവേക്ഷണത്തില്‍ വൈദഗ്ധ്യമുള്ള സമുദ്രപേടകങ്ങളും അന്തര്‍വാഹിനികളും ഉപയോഗിച്ച് ഞായറാഴ്ച മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ബുധനാഴ്ച കനേഡിയന്‍ നിരീക്ഷണ വിമാനമായ പി-3 പിടിച്ചെടുത്ത മുഴക്കങ്ങള്‍ കാണാതായ അന്തര്‍വാഹിനിയില്‍ നിന്നാണെന്ന പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് ഈ ഭാഗം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ശബ്ദങ്ങളുടെ കൃത്യമായ സ്ഥാനവും ഉറവിടവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കടലിന്റെ അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും കാലാവസ്ഥാ വ്യതിയാനവും വളരെ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയായിരുന്നു. വേണ്ടത്ര വെളിച്ചമില്ലാത്തത് രാത്രികാല തിരച്ചിലിനും തടസ്സമായി. സമുദ്രോപരിതലത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്ന റോബോട്ടുകളും അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുത്തിരുന്നു. സമുദ്രവാഹിനിക്ക് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് ബന്ധം നഷ്ടപ്പെട്ടതെന്നോ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സ്വകാര്യ മറൈന്‍ കമ്പനിയായ ഓഷന്‍ഗേറ്റ് എക്സിപിഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൈറ്റന്‍ സമുദ്രപേടകം. ഒരു സഞ്ചാരിക്ക് 25,000 ഡോളര്‍ (രണ്ടു കോടി രൂപ) എന്ന നിരക്കിലാണ് യാത്രക്കാരില്‍ നിന്നും തുക ഈടാക്കുന്നത്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്ത് നിന്ന് വളരെ നേരം കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം മാത്രമാണ് ടൈറ്റന്‍ അന്തര്‍വാഹിനിക്കുള്ളത്.
രക്ഷാദൗത്യത്തില്‍ അമേരിക്കയും കാനഡയും ഫ്രാന്‍സും ബ്രിട്ടനും എല്ലാം പങ്കാളികളായി. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററില്‍ പരതി. ഇതിനിടെ ടൈറ്റനില്‍ നിന്നെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കനേഡിയന്‍ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടി. പക്ഷേ പ്രതീക്ഷകളെല്ലാം വിഫലമാക്കി, വ്യാഴാഴ്ച രാത്രി 12.15 ഓടെ ടൈറ്റന്‍ തകര്‍ന്നെന്ന വിവരം എത്തുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *