കുഞ്ഞു നാള്‍ മുതല്‍ അച്ഛന്റേയും അമ്മയുടെയും സ്‌നേഹവും കരുതലും ലഭിക്കാതെ വളര്‍ന്ന കണ്ണന്റെ ലോകം സഹോദരങ്ങളായ പാറുവും ശിവയുമായിരുന്നു. അച്ഛന്റെ മരണശേഷം സുന്ദരിയായ അമ്മയുടെ സഞ്ചാരപാതയില്‍ മക്കളെന്നും ഒരു വിലങ്ങുതടിയായിരുന്നെന്ന് തിരിച്ചറിഞ്ഞ കണ്ണന്‍ ബാല്യത്തില്‍ തന്നെ തന്റെ സഹോദരങ്ങളെ വളര്‍ത്താന്‍ ഹോട്ടലുകളില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു നാള്‍ അത് സംഭവിക്കുന്നത്. തന്റെ എല്ലാമായ ഹോട്ടലുടമ കോയാക്കയുടെ മരണം ആ കുഞ്ഞു മനസ്സിനെ നൊമ്പരപ്പെടുത്തി. അടച്ചിട്ട ഹോട്ടലിനു മുന്നില്‍ വിങ്ങിപ്പൊട്ടിയ മനസ്സുമായി തന്റെ സഹോദരങ്ങളെ മാറോട് ചേര്‍ത്ത് കണ്ണന്‍ തന്റെ ജീവിത യാത്രയുടെ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ചു. നെഞ്ചിലെ നെരിപ്പോടില്‍ ചുട്ടെടുത്ത പകയുടെ ആയുധവുമായി കണ്ണന്‍ യാത്ര തുടങ്ങി. ബ്രൂസിലി രാജേഷിന്റെ തികച്ചും വ്യത്യസ്തമായ ആക്ഷനിലൂടെ കോളനിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന അടിപ്പാലം എന്ന ചിത്രത്തില്‍ കണ്ണന്‍ എന്ന ശക്തമായ കഥാപാത്രമായി അഭിനയിക്കുന്നത് മാസ്റ്റര്‍ റിഷികേഷാണ്. റിഷികേഷിന്റെ രണ്ടാമത്തെ ചിത്രമാണ് അടിപ്പാലം.
ഡാന്‍സറും കോറിയോഗ്രാഫറും നടനും സംവിധായകനുമായ സുധി കടലുണ്ടി നഗരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട്, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് ചിത്രീകരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ആര്‍ട്ടിസ്റ്റ് അംജദ് മൂസ, അനൂപ് മേനോന്‍ സംവിധാനം ചെയ്ത ദി കിംഗ് ഫിഷര്‍ എന്ന ചിത്രത്തിലൂടെ വില്ലനായി എത്തിയ വിവേക് എന്നിവരും ശ്രദ്ധേയമായ വേഷം ചെയ്യുന്നു. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം ആക്ഷനും സസ്‌പെന്‍സും നിറഞ്ഞതാണ്.
കോഴിക്കോട്ടെ ബിസിനസുകാരനായ കത്തലാട്ട് രഞ്ജിത്തിന്റേയും ലിഷിതയുടെയും മകനായ റിഷികേഷിന്റെ ആദ്യ ചിത്രമായ ദ ബ്ലാക്ക് മൂണിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. റിഷികേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ റിഷികേഷ് തന്നെയാണ് ഡബ്ബ് ചെയ്യുന്നതും ആദ്യചിത്രത്തില്‍ തന്നെ ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞതും രണ്ടാമത്തെ ചിത്രത്തില്‍ ശക്തമായ കഥാപാത്രമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുകയാണ് ഈ പത്തുവയസ്സുകാരന്‍. ചെന്നൈ എസ്. ആര്‍.എം കോളേജില്‍ ബി.ബി.എയ്ക്ക് പഠിക്കുന്ന നടിയും മോഡലുമായ ഗോപിക റിഷികേഷിന്റെ സഹോദരിയാണ്. കോഴിക്കോട് കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് റിഷികേഷ്. പഠനത്തോടൊപ്പം തന്റെ പാഷനായ അഭിനയത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ കുഞ്ഞു താരം. അടിപ്പാലവും ദ ബ്ലാക്ക് മൂണും പ്രദര്‍ശനത്തിനെത്തുന്നതോടെ മലയാളത്തിന് മികച്ച ഒരു ബാലതാരത്തെയാണ് ലഭിക്കുന്നത്.