നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍

നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍

ദേശീയ ശില്‍പശാലയില്‍ അറിവും അനുഭവങ്ങളും പങ്കുവച്ച് ടെക്‌നിക്കല്‍ സെഷനുകള്‍

അങ്കമാലി: നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാലയുടെ ആദ്യ ദിനം സംഘടിപ്പിച്ച വിവിധ ടെക്‌നിക്കല്‍ സെഷനുകള്‍ അവതരണത്തിന്റെ പുതുമ കൊണ്ട് വ്യത്യസ്ത അനുഭവമായി. അടിസ്ഥാന സൗകര്യ വികസനം-അഭിവൃദ്ധിയിലേക്ക് ഒരു പാത, എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നഗര ഉപജീവനം പരിപോഷിപ്പിക്കല്‍, സാങ്കേതികതയിലൂടെ ഉപജീവനത്തിന്റെ ശാക്തീകരണം എന്നീ വിഷയങ്ങളിലാണ് അവതരണം നടന്നത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിജയ മാതൃകകള്‍ അവതരിപ്പിച്ചു. പദ്ധതി വിജയത്തിന് കരുത്തു നല്‍കി ഓരോ സംസ്ഥാനത്തും നടപ്പാക്കുന്ന വൈവിധ്യമാര്‍ന്ന മാതൃകകള്‍, പ്രവര്‍ത്തന കാലയളവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്നിവ പരസ്പരം മനസിലാക്കാനും അറിയുവാനുമുള്ള അവസരമായും ശില്‍പശാലയുടെ വേദി മാറി.

അടിസ്ഥാന സൗകര്യ വികസനം-അഭിവൃദ്ധിയിലേക്ക് ഒരു പാത, എന്ന സെഷനില്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സിന്റെ മുഖ്യ ഉപദേശക ജീനാല്‍ സാവ്‌ല മോഡറേറ്ററായി. കര്‍ണാടക, ഹിമാചല്‍ പ്രദേശ്, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍മാര്‍, ബെന്നി പീറ്റേര്‍സ്, സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നഗര ഉപജീവനം പരിപോഷിപ്പിക്കല്‍ എന്ന വിഷയത്തില്‍ ദീന്‍ ദയാല്‍ അന്ത്യോദയ-എന്‍.യു.എല്‍.എം ഡയരക്ടര്‍ ഡോ.മധുറാണി തിയോത്തിയ മോഡറേറ്ററായി. അമൃത, പുനെ, യു.എം.സി ഡെപ്യൂട്ടി ഡയരക്ടര്‍ മേഘ്‌ന മല്‍ഹോത്ര, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍ എസ്. എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രവര്‍ത്തന അനുഭവങ്ങള്‍ വിശദീകരിച്ചു.

സാങ്കേതികതയിലൂടെ ഉപജീവനത്തിന്റെ ശാക്തീകരണം എന്നീ വിഷയത്തില്‍ പി.എം സ്വാനിധി ഡയരക്ടര്‍ ശാലിനി പാണ്ഡെ മോഡറേറ്ററായി. എന്‍.എസ്.സി ജനറല്‍ മാനേജര്‍ എം.ശ്രീനിവാസന്‍, ആസാം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍മാരായ പഞ്ചമി ചൗധരി, വി.വിജയലക്ഷ്മി, ബി.പ്രിയങ്ക എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 2015 മുതല്‍ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം. പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ശില്‍പശാലയിലാണ് പ്രത്യേകമായി തയ്യാറാക്കിയ വിഷയങ്ങളെ അധികരിച്ച് പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *