നഗരദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതില്‍ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി സുപ്രധാന പങ്ക് വഹിച്ചു: മന്ത്രി എം.ബി രാജേഷ്

നഗരദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതില്‍ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി സുപ്രധാന പങ്ക് വഹിച്ചു: മന്ത്രി എം.ബി രാജേഷ്

നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍, ദ്വിദിന ദേശീയ ശില്‍പശാലയ്ക്ക് തുടക്കമായി, സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീ

കൊച്ചി: സംസ്ഥാനത്ത് നഗരദരിദ്രര്‍ അനുഭവിക്കുന്ന ബഹുമുഖ ദാരിദ്ര്യം തുടച്ചു നീക്കുന്നതില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി സുപ്രധാന പങ്കു വഹിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ‘നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 23, 24 ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച പദ്ധതി നിര്‍വഹണത്തിന് 2021-22 സാമ്പത്തിക വര്‍ഷം ദേശീയ സ്പാര്‍ക് റാങ്കിങ്ങില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ആന്ധ്ര പ്രദേശ്, കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഗുജറാത്ത്, കേരള, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. 2021-22ല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയതിന് മിസോറാം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും 2022-23 ല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മിസോറാം, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ‘യു ലേണ്‍ 2.0 ‘മൊബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു.

ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഉള്‍പ്പെടെയുളള അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധമോ ഇല്ലായ്മയോ നേരിടുന്ന നഗരദരിദ്രര്‍ക്ക് അത് ലഭ്യമാക്കുന്നതോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, സാമൂഹ്യ സ്വീകാര്യത, ജനാധിപത്യ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലെ പങ്കാളിത്തം എന്നിങ്ങനെ അടിസ്ഥാന അവകാശങ്ങള്‍ കൂടി ലഭ്യമാക്കിക്കൊണ്ടാണ് കുടുംബശ്രീ നഗരമേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ 25 വര്‍ഷത്തെ വൈദഗ്ധ്യവും സുശക്തമായ സാമൂഹ്യ സംഘടനാസംവിധാനവും ദേശീയ-നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. നൂതനവും പരീക്ഷിച്ചതും തെളിയിക്കപ്പെട്ടതുമായ ആശയങ്ങളും സമീപനങ്ങളും കേന്ദ്രീകൃത നയങ്ങളും നടപ്പാക്കുന്നതിലും സംസ്ഥാനം വിജയിച്ചിട്ടുണ്ട്. എന്‍.യു.എല്‍.എം പദ്ധതിയുടെ തുടക്കം മുതല്‍ മികച്ച പ്രകടന സ്ഥിരത കാഴ്ച വയ്ക്കാന്‍ കഴിയുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജനം ഏറെ സഹായകമായിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ നയതല തീരുമാനങ്ങളും ഉത്തരവുകളും കുടുംബശ്രീയുടെ വനിതാ ശൃംഖലയ്ക്ക് സുസ്ഥിരമായ ഉപജീവന മാര്‍ഗം നേടുന്നതിന് എല്ലായ്‌പ്പോഴും പിന്തുണ നല്‍കുന്നു. ഈ ഇടപെടലുകള്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഭൂപ്രകൃതിയെ വികസനപരമായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. നീതിആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 0.71 ശതമാനം എന്ന കണക്കില്‍ ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേതായി 8600 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇങ്ങനെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ചരിത്രപരമായ പരിണാമം കൈവരിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു.

അതിദരിദ്രരെ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ 64,006 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളെ 2025 നവംബര്‍ ഒന്നിനകം ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇത് നടപ്പാക്കുന്നതിലും കുടുംബശ്രീക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ നഗരമേഖലയിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ തയ്യാറാണ്. എന്‍. യു.എല്‍.എം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പനയ്ക്ക് ശരിയായ മാര്‍ഗ നിര്‍ദേശങ്ങളും പുതിയ പ്രതീക്ഷകളും നല്‍കാന്‍ ശില്‍പശാല സഹായകമാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ധിച്ചു വരുന്ന നഗരവല്‍ക്കരണം പ്രതികൂലമായി ബാധിക്കുന്ന നഗരദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വ്യവസായ അക്കാദമിക മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ പുതിയ ആവാസ വ്യവസ്ഥ ഉണ്ടാക്കുമെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ദീന്‍ ദയാല്‍ അന്ത്യോദയ, പി.എം സ്വാനിധി മിഷന്‍ ഡയരക്ടറുമായ രാഹുല്‍ കപൂര്‍ പറഞ്ഞു.

നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ സാക്ഷരത സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. ‘ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തില്‍ അവതരണവും നടത്തി.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അനുകുമാരി സ്വാഗതം പറഞ്ഞു. മന്ത്രി എം.ബി രാജേഷ്, ചെയര്‍മാന്‍സ് ചെമ്പറിന്റെ ചെയര്‍മാന്‍ കൃഷ്ണദാസ്, രാഹുല്‍ കപൂര്‍, ശാരദാ മുരളീധരന്‍, എന്‍.യു.എല്‍.എം പദ്ധതി ഡയരക്ടര്‍ ഡോ. മധുറാണി തിയോത്തിയ, പി.എം. സ്വാനിധി ഡയരക്ടര്‍ ശാലിനി പാണ്ഡെ എന്നിവര്‍ സംയുക്തമായി ‘നഗരമേഖലയിലെ സൂക്ഷ്മസംരംഭങ്ങള്‍-50 പഠനങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു. ‘അര്‍ബന്‍ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷനായി കുടുംബശ്രീയെ വിഭാവനം ചെയ്യല്‍’ എന്ന വിഷയത്തില്‍ അനുകുമാരി, എന്‍.ആര്‍.ഓ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ എന്നിവര്‍ അവതരണം നടത്തി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മികച്ച മാതൃകകള്‍ അവതരിപ്പിച്ചു. പദ്ധതി നടപ്പാക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *