തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ- ക്ഷീര വികസന- മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും അധ്യക്ഷതയില്‍ രണ്ടുവകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേര്‍ന്നു.
യോഗത്തില്‍ കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍
1. നിലവില്‍ തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്നുവരുന്ന എബിസി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
2. നിലവിലുള്ള 20 എബിസി കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവും. നിര്‍മാണം നടന്നുവരുന്ന 10 കേന്ദ്രങ്ങളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
3. പുതുതായി എബിസി കേന്ദ്രങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ എത്രയും വേഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
4. പുതുക്കിയ എബിസി ചട്ടങ്ങള്‍ അപ്രായോഗികവും നിലവില്‍ നടന്നുവരുന്ന വന്ധ്യംകരണം അടക്കമുള്ള എബിസി പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതും ആണെന്ന് യോഗം വിലയിരുത്തി. അപ്രായോഗികമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ചട്ടങ്ങള്‍ പുനഃപരിശോധിക്കുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുവാനും ആവശ്യമെങ്കില്‍ ചട്ടങ്ങള്‍ റദ്ദാക്കുവാന്‍ സുപ്രീംകോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു.
5. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ള 170 ഹോട്ട് സ്‌പോട്ടുകളില്‍ പഞ്ചായത്തുകളുടെ സഹായത്തോടുകൂടി തെരുവുനായകളില്‍ അടിയന്തരമായി പേവിഷ പ്രതിരോധ വാക്സിനേഷന്‍ ആരംഭിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
6. നിലവില്‍ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ ഷെല്‍ട്ടര്‍ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അവരെയും തെരുവുനായ നിയന്ത്രണ പദ്ധതികളുമായി പങ്കാളികളാക്കാനും യോഗം തീരുമാനിച്ചു.