വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് ജനാധിപത്യം എന്നത് തങ്ങളുടെ ഡി.എന്‍.എ ആണ്. അതിനാല്‍ രാജ്യത്ത് ഒരു വിവേചനത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് മോദി വാര്‍ത്താസമ്മേളനം നടത്തിയത്. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ലോകത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തി.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമുള്ള ഒന്‍പത് വര്‍ഷത്തിനിടയിലെ ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു യു.എസ് സന്ദര്‍ശനത്തിലേത്. ആ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയിലെ വിവേചനമുണ്ടോ എന്ന ചോദ്യം മോദി നേരിട്ടത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നെന്നും എതിരാളികള്‍ നിശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യു.എസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ചോദ്യം അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു മോദിയുടെ മറുപടി.
ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയില്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.